കളിപ്പാട്ടനിര്‍മാണത്തില്‍ വലിയ മുന്നേറ്റം നടത്തി ഇന്ത്യ. 153 രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്.
ഒരുകാലത്ത് ഇറക്കുമതിയെ വളരെയധികം ആശ്രയിച്ചിരുന്നതായിരുന്നു ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം. ഇപ്പോള്‍ ആഭ്യന്തരമായി ഉല്‍പ്പാദനം ശക്തമാക്കിയ ഇന്ത്യ, 153 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന 16-ാമത് ടോയ് ബിസ് ഇന്റര്‍നാഷണല്‍ ബി2ബി എക്‌സ്‌പോ 2025-ല്‍ സംസാരിക്കവേ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ശ്രദ്ധേയമായ ഈ പരിവര്‍ത്തനത്തെ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
നയപരമായ പിന്തുണ, ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പിലാക്കല്‍, പ്രാദേശിക ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ ശക്തിപ്പെടുത്തല്‍ എന്നിവയിലൂടെയാണ് കളിപ്പാട്ട നിര്‍മാണത്തില്‍ വലിയ മാറ്റം സാധ്യമായതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഗുണനിലവാര നിയന്ത്രണ ഉത്തരവ് (ക്യുസിഒ) നടപ്പിലാക്കുന്നത് ഇന്ത്യയെ ഗുണനിലവാര ബോധമുള്ള രാജ്യമാക്കി മാറ്റാന്‍ സഹായിച്ചതായും ആഭ്യന്തര കളിപ്പാട്ട നിര്‍മ്മാതാക്കളെ ആഗോള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രാപ്തമാക്കിയതായും സര്‍ക്കാര്‍ കരുതുന്നു.
140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ അതിശക്തമായ ആഭ്യന്തര കളിപ്പാട്ട വിപണിയാണുള്ളത്.