തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വാഴ്ച) സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്. ട്രാൻസ്പോർട്ട് കമ്മീഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയമായിരുന്നു. ഇതോടെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
ഒരാഴ്ചയ്‌ക്കുളളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് സമരസമിതിയുടെ തീരുമാനം.
വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധിപ്പിക്കുക, ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റ് പുതുക്കുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകിയിട്ടും വിവിധ സമരങ്ങൾ നടത്തിയിട്ടും യാതൊരു നടപടിയുണ്ടായില്ലെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.