ന്യൂഡൽഹി: പ്രശംസനീയമായ മനഃസാന്നിധ്യവും നിസ്വാർഥമായ സേവന മനോഭാവവും പ്രകടിപ്പിച്ച മേജർ രോഹിത് ബച്ച്‌വാലയെ ആദരിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയായ യുവതിക്ക് സുരക്ഷിതമായി കുഞ്ഞിന് ജന്മം നൽകാൻ സഹായിച്ച മേജർക്ക് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലടക്കം പ്രശംസിക്കപ്പെട്ടിരുന്നു.
Honouring a selfless service beyond the call of Duty #GeneralUpendraDwivedi, #COAS, today commended Major Bachwala Rohit for demonstrating exceptional professional acumen and selfless commitment beyond the call of duty.
On 05 Jul 2025, while proceeding on leave from Military… pic.twitter.com/fFpsD54EUS
— ADG PI – INDIAN ARMY (@adgpi) July 7, 2025
നിലവിൽ ഝാൻസി മിലിട്ടറി ആശുപത്രിയിലെ ആർമി മെഡിക്കൽ ഓഫീസറാണ് രോഹിത്. ജൂലൈ 5 നായിരുന്നു സംഭവം. തന്റെ ജന്മനാടായ ഹൈദരാബാദിലേക്ക് അവധിക്ക് പോവുകയായിരുന്നു രോഹിത്. എന്നാൽ ഝാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് അദ്ദേഹം കഠിനമായ പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയെ കാണാൻ ഇടയായി. അവർ ലിഫ്റ്റ് ഏരിയക്ക് സമീപം വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. യുവതിയുടെ അവസ്ഥയുടെ ഗൗരവവും അടിയന്തര ഇടപെടലിന്റെ ആവശ്യകതയും മനസ്സിലാക്കിയ അദ്ദേഹം, സഹായിക്കാൻ തയാറായി മുന്നോട്ടുവന്നു.
ശസ്ത്രക്രിയാ ഉപകരണങ്ങളോ മറ്റ് പരീക്ഷണ സൗകര്യമോ ലഭ്യമായിരുന്നില്ലെങ്കിലും പാലറ്റ്ഫോമില് വച്ചുതന്നെ പ്രസവം നടത്താൻ ഒടുവിൽ തീരുമാനിച്ചു. കയ്യിലുണ്ടായിരുന്ന മുണ്ടെടുത്ത് സ്വകാര്യതയ്‌ക്കായി ഒരു താൽക്കാലിക കർട്ടൻ സൃഷ്ടിച്ചു. അതെ സമയം മറ്റ് വനിതാ റെയിൽവേ ജീവനക്കാരും അദ്ദേഹത്തെ സഹായിക്കാൻ ചുറ്റുംകൂടി. ഒരു ചെറിയ കത്തിയുടെയും ഹെയർ ക്ലിപ്പിന്റെയും സഹായത്തോടെ അദ്ദേഹം സുരക്ഷിതമായി കുഞ്ഞിന്റെ പൊക്കിൾകൊടി വേർപെടുത്തി യുവതിയുടെ പ്രസവമെടുത്തു.
പൻവേൽ-ഗോരഖ്പൂർ എക്സ്പ്രസിൽ ബരാബങ്കിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതെന്നും ഝാൻസിയിൽ വെച്ച് അവരെ ഇറക്കേണ്ടി വന്നെന്നും നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസി ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ മനോജ് കുമാർ സിംഗ് സ്ഥിരീകരിച്ചു. അടിയന്തരാവസ്ഥ കൈകാര്യം ചെയ്യാൻ വനിതാ ടിടിഇമാരും റെയിൽവേ ജീവനക്കാരും മേജർ രോഹിത് ബച്ച്‌വാലയുമായി ചേർന്ന് പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മേജർ രോഹിത് ബച്ച്‌വാലയുടെ മാനുഷികവും ധീരവുമായ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സംഭവത്തിന്റെ ചിത്രങ്ങൾ പങ്കിട്ടു. ഇന്ത്യൻ സായുധ സേനയുടെ ധാർമ്മികതയ്‌ക്ക് ഒരു തെളിവായി ഈ പ്രവൃത്തി നിലകൊള്ളുന്നുവെന്ന് പോസ്റ്റിൽ കുറിച്ചു.















