ഭാരതീയർക്ക് അഭിമാനമായാണ് ശുഭാംഷു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ബഹിരാകാശനിലയത്തിലെ കാഴ്ചകളെ കുറിച്ചും ജീവിതരീതിയെ കുറിച്ചും വീഡിയോയിലൂടെ ശുഭാംഷു പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ഡൽഹിയിൽ നിന്ന് ഒരാൾ പകർത്തിയ ബഹിരാകാശനിലയത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. ഇന്ന് പുലർച്ചെ 5.42-ന് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഡൽഹിയിലെ സൈനിക് ഫാമുകളിൽ നിന്ന് ഐഫോൺ 16 ഉപയോഗിച്ച് ചിത്രീകരിച്ചതാണ് വീഡിയോ. ബഹിരാകാശനിലയം ആകാശത്തേക്ക് ഉയരുന്നതും താഴുന്നതും വീഡിയോയിൽ കാണാം. ഒരു നക്ഷത്രത്തിന്റെ വലിപ്പത്തിലാണ് ബഹിരാകാശനിലയം കാണുന്നത്. 400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന ബഹിരാകാശനിലയം മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഒന്നര മണിക്കൂർ കൊണ്ട് ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നു.
View this post on Instagram
വരും ദിവസങ്ങളിലും ബഹിരാകാശനിലയം ഇന്ത്യൻ ഭൂപ്രദേശത്ത് കൂടി തുടർച്ചയായി പറക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഐഎസ്എസിനെ കാണാൻ ആഗ്രഹിക്കുന്നവർക്ക് നാസയുടെ Spot the Station ആപ്പും ഐഎസ്എസ് ഡിറ്റെക്ടർ ആപ്പും ഉപയോഗിച്ച് നീക്കങ്ങൾ ട്രാക്ക് ചെയ്യാനാകുമെന്ന് ശുഭാംഷും ശുക്ല അറിയിച്ചു.
ബഹിരാകാശയാത്രികർ ദിവസവും 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണുന്നു. വിമാനങ്ങളുടേത് പോലെ ലൈറ്റുകൾ ബഹിരാകാശനിലയത്തിനില്ല. ഐഎസ്എസ് തുടർച്ചയായി നീങ്ങുമ്പോൾ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നു. ഐഎസ്എസ് ആകാശത്ത് നക്ഷത്രം പോലെ തിളങ്ങിക്കാണും. ഇരുണ്ടുമൂടിയ ആകാശത്താണ് ഇത് ഏറ്റവുമധികം പ്രത്യക്ഷമാവുന്നത്.