ഡൽഹി: ടർക്കിഷ് ഏവിയേഷൻ& ലോജസ്റ്റിക്ക് കമ്പനിയായ സെലബിക്ക് കോടതിയിൽ തിരിച്ചടി. സെലബിയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയത് ഡൽഹി ഹൈക്കോടതി ശരിവച്ചു.
ദേശീയ സുരക്ഷ പരിഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ തീരുമാനമെന്ന് കോടതി നീരീക്ഷിച്ചു. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ദോഷകരമായേക്കാവുന്ന ഏതൊരു സാധ്യതയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മെയ് 15 ന്, സിവിൽ ഏവിയേഷൻ മന്ത്രാലയം സെലെബിയുടെ സുരക്ഷ ക്ലിയറൻസ് റദ്ദാക്കിയത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തെ ആക്രമിക്കാൻ പാക്കിസ്താന് തുർക്കി സൈനിക സഹായം നൽകിയിരുന്നു. പാക് സൈന്യം ഇന്ത്യയ്‌ക്ക് നേരെ പ്രയോഗിച്ച ഡ്രോണുകൾ കൈമാറിയതും തുർക്കിയായിരുന്നു. ഇതിന് പിന്നാലെയാണ് സെലെബിയടെ അനുമതി കേന്ദ്രസർക്കാർ റദ്ദാക്കിയത്.
2008 ലാണ് സെലെബി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഒരു സംയുക്ത സംരംഭത്തിന്റെ ഭാഗമാണ് രാജ്യത്തെത്തിയത്. ഡൽഹി, മുംബൈ, ചെന്നൈ,കൊച്ചി,കണ്ണൂർ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിലാണ് സെലെബി പ്രവർത്തിച്ചിരുന്നത്. തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗന്റെ മകൾ സുമയ്യയാണ് സെലെബിയുടെ സഹ ഉടമ. സുമയ്യയുടെ ഭർത്താവിന്റെ കമ്പനിയിൽ നിർമിച്ച ഡ്രോണുകളാണ് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.