എറണാകുളം : സിനിമ താരം വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോയുടെ പക്കൽ നിന്നും മോശം അനുഭവമുണ്ടായി എന്ന് വിൻ സി നേരത്തെ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് വിൻസി ഫിലിം ചേംബറിന് പരാതി നൽകി. തുടർന്ന് വലിയ കോലാഹലങ്ങൾക്കൊടുവിൽ ഇരുവരും ഒത്തുതീർപ്പിലെത്തി . ഇതിനു ശേഷമാണ് സൂത്രവാക്യം എന്ന സിനിമയുടെ പ്രസ് മീറ്റിൽ ഷൈനും വിൻസിയും ഒരുമിച്ചെത്തിയത്. പ്രസ് മീറ്റിൽ വെച്ച് ഷൈൻ വിൻസിയോട് ക്ഷമ ചോദിക്കുകയും ചെയ്തു തുടർന്ന് വിവാദങ്ങൾ ഇവിടെവെച്ച് അവസാനിപ്പിക്കാമെന്നും വിൻസി പ്രതികരിച്ചു.
താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്ന് വിൻസി പറഞ്ഞു. ഷൈനിനോട് ബഹുമാനം മാത്രമേ ഉള്ളൂ. ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖം എന്നും വിൻസി പറഞ്ഞു. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.