കോഴിക്കോട്: ചേലാകർമ്മം ഇസ്ലാമികമല്ലെന്നുംം ബാലാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ നടപടിയെടുക്കാതെ സംസ്ഥാന ബാലാവകാശ കമ്മിഷൻ. ബാലുശ്ശേരി സ്വദേശി അഡ്വ. അബ്ദുള്ള ഷഫീക്കലിയാണ് തെളിവുകൾ സഹിതം കമ്മിഷന് പരാതി നൽകിയത്.
സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മത സംഘടനകളെ എതിർകക്ഷിയാക്കിയാണ് ഹർജി നൽകിയത്. അനാചാരമായ സതി നിർത്തലാക്കിയത് പോലെ സുന്നത്തും നിർത്തലാക്കണമെന്നാണ് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. വിഷയം അധികാര പരിധിയിൽ വരുന്നതല്ലെന്നും അതിനാൽ തള്ളുന്നു എന്ന വിചിത്രമായ മറുപടിയാണ് അന്ന് കമ്മീഷൻ നൽകിയത്.
പ്രവാചകൻ 80 വയസ്സിലാണ് ചേലാ കർമ്മം ചെയ്തതെന്ന് അഡ്വ. അബ്ദുള്ള ഷഫീക്കലി ജനം ടിവിയോട് പറഞ്ഞു. ദൈവം എറ്റവും നല്ലരീതിയിലാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നാണ് ഖുറാനിൽ പറയുന്നത്. തിരിച്ചറവില്ലാത്ത പ്രായത്തിൽ ദൈവസൃഷ്ടിക്ക് കോട്ടവരുത്തുന്നത് കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി.യാണ് കമ്മീഷന് വിശദമായ പരാതി നൽകിയത്. എന്നാൽ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ കമ്മീഷൻ അത് തള്ളുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.















