ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ എ. രാജശേഖർ ബാബുവിനെ സസ്‌പെൻഡ് ചെയ്തു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്
തിരുപ്പതി ജില്ലയിലെ പുത്തൂരിൽ ഇയാൾ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നുവെന്ന ആരോപണമുയർന്നിരുന്നു.
“ശ്രീ രാജശേഖർ ബാബു തന്റെ ജന്മനാടായ തിരുപ്പതി ജില്ലയിലെ പുത്തൂരിൽ എല്ലാ ഞായറാഴ്ചയും പ്രാദേശിക പള്ളി പ്രാർത്ഥനകളിൽ പങ്കെടുക്കുന്നുണ്ടെന്ന് ടിടിഡിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഘടനയുടെ ജീവനക്കാരൻ എന്ന നിലയിൽ ടിടിഡിയുടെ പെരുമാറ്റച്ചട്ടം അദ്ദേഹം പാലിക്കാത്തതും ഒരു ഹിന്ദു മത സംഘടനയെ പ്രതിനിധീകരിക്കുന്ന ജീവനക്കാരൻ എന്ന നിലയിൽ നിരുത്തരവാദപരമായി പെരുമാറിയതും ടിടിഡി മാനദണ്ഡങ്ങളുടെ ലംഘനമല്ലാതെ മറ്റൊന്നുമല്ല.”ജൂലൈ 8 ന് ടിടിഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഒരു പ്രശസ്ത ഹിന്ദു മത സ്ഥാപനത്തിന്റെ സൂക്ഷിപ്പുകാരായ തങ്ങളുടെ ജീവനക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാണ് ഈ പ്രവൃത്തിയെന്ന് ടിടിഡി വ്യക്തമാക്കി. ടിടിഡി വിജിലൻസ് വകുപ്പ് സമർപ്പിച്ച അന്വേഷണത്തിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ, വകുപ്പുതല നിയമങ്ങൾക്കനുസൃതമായി നടപടി ആരംഭിച്ചു.
“ഈ സാഹചര്യത്തിൽ, ടിടിഡി വിജിലൻസ് വകുപ്പ് സമർപ്പിച്ച റിപ്പോർട്ടും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം, നിയമങ്ങൾ അനുസരിച്ച് അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടി ആരംഭിക്കുകയും ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു,” പ്രസ്താവന തുടരുന്നു.രാജശേഖർ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.
ഹിന്ദു വിഭാഗത്തിൻ്റേതല്ലാത്ത മത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടിടിഡിയുടെ തീരുമാനം. നേരത്തെ സമാനമായ കാരണങ്ങളാൽ അധ്യാപകർ, സാങ്കേതിക ഉദ്യോഗസ്ഥർ, നഴ്‌സുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 18 ജീവനക്കാരെ ടിടിഡി സ്ഥലം മാറ്റിയിരുന്നു.