ന്യൂഡൽഹി: 2019 ലെ പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു വാങ്ങിയത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയെന്ന് റിപ്പോർട്ട്. ഐഇഡി സ്ഫോടനത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന പ്രധാന ഘടകമായ അലുമിനിയം പൊടിയാണ് ഓൺലൈൻ വഴി വാങ്ങിയത്. ആക്രമണത്തിന്റെ ആസൂത്രണത്തിലുടനീളം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ദി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കായുള്ള ധനസഹായം തുടങ്ങിയവ നിരീക്ഷിക്കുന്ന ആഗോള സംഘടനയാണ് എഫ്‌എടിഎഫ്. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ-മുഹമ്മദ് നടത്തിയ സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
2022 ലെ ഗോരഖ്നാഥ് ഭീകരാക്രണത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പങ്ക് എഫ്‌എടിഎഫ് ചൂണ്ടിക്കാട്ടുന്നു. സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റിന് ഓൺലൈൻ പേയ്മന്റ് പ്ലാറ്റ്ഫോമായ PayPal ഉപയോഗിച്ച് 6.7 ലക്ഷം രൂപ കൈമാറി. തന്റെ ലൊക്കേഷൻ മറച്ചുവയ്‌ക്കാൻ ഒന്നിലധികം വിപിഎൻ സേവനങ്ങൾ ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ 44 അന്താരാഷ്‌ട്ര ഇടപാടുകളാണ് ഭീകരൻ നടത്തിയത്. പണമിടപാടിൽ സംശയം തോന്നിയ PayPal അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു. വേഗതയേറിയതും കണ്ടെത്താൻ പ്രയാസമുള്ളതുമായ ഓൺലൈൻ പേയ്‌മെന്റ് ചാനലുകൾ ഭീകരർ കൂടൂതലായി ഉപയോഗിക്കുന്നുണ്ടെന്നും എഫ്എടിഎഫ് വ്യക്തമാക്കി.
പത്ത് വർഷത്തിനിടെയുണ്ടായ ഫിൻടെക് പ്ലാറ്റ്‌ഫോമുകളുടെ ദ്രുതഗതിയിലുള്ള വളർച്ച ഭീകര ഫണ്ടിംഗിന് സഹായകമായെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, വിപിഎൻ ഉപയോഗം, ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ നിരീക്ഷണം വർദ്ധിപ്പിക്കാൻ അംഗരാജ്യങ്ങളോട് എഫ്എടിഎഫ് ആവശ്യപ്പെട്ടു.