മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു. മലപ്പുറം മങ്കടയിൽ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇതാണ് പതിനെട്ടുകാരിയുമായി ഇവർക്കുണ്ടായ സമ്പർക്കം. ഇന്ന് ഉച്ചയോടയാണ് യുവതിയുടെ മരണം സംഭവിച്ചത്.
ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്‌ക്ക് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു. എന്നാൽ ഇവർക്ക് നിപ രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല. അതിനാൽ സ്രവം പരിശോധനയ്‌ക്ക് അയച്ചിരുന്നില്ല. മരണപ്പെട്ടതിന് പിന്നാലെ സ്രവം പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നത് വരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
മങ്കടയിലെ 18 കാരി ജൂലൈ ഒന്നിനാണ് മരിച്ചത്. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് നിപ രോഗം കണ്ടെത്തിയത്.















