കൊല്ലം: ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഇരവിപുരം സ്വദേശി അജ്‌മൽ ഷായാണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ഇന്ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനടുത്ത് വച്ചാണ് യുവാവിനെ പിടികൂടിയത്. ലഹരിക്കേസിൽ ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. എന്നാൽ ദേഹമാകെ പരിശോധിച്ചിട്ടും ഇയാളിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. എന്നാൽ എംഡിഎംഎ ശരീരത്തിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ച ഡാൻസാഫ് സംഘം അജ്‌മൽ ഷായുമായി ആശുപത്രിയിൽ എത്തി.
ജില്ലാ ആശുപത്രിയിലെത്തിൽ നടത്തിയ സ്‌കാനിംഗിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രാസലഹരി കണ്ടെത്തി. കോണ്ടത്തിനുള്ളിൽ എംഡിഎംഎ നിറച്ച ശേഷം മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് ഗർഭനിരോധന ഉറകളിലായി 107 ഗ്രാം എംഡിഎംഎയാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചത്.