ലക്നൗ: സൈക്കിളിൽ മോതിരവും അത്തറും വിറ്റു നടന്നിരുന്ന ചങ്കൂർ ബാബയുടെ ബാങ്ക് അക്കൗണ്ടിൽ ഇന്ന് 106 കോടിയുടെ നിക്ഷേപം. 40 അക്കൗണ്ടുകളിലായാണ് തുക സൂക്ഷിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് പണം എത്തിയതെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ചയാണ് ലക്നൗവിലെ ഹോട്ടലിൽ നിന്നും മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരനായ ജമാലുദ്ദീൻ എന്ന ചങ്കൂർ ബാബയെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സമയം അടുത്ത കൂട്ടാളിയായ നീതു എന്ന നസ്രീനെയും ഇയാളുടെ കൂടെയുണ്ടായിരുന്നു. റാക്കറ്റിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് യുപി ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷിക്കുന്നുണ്ട്.
ദരിദ്രരും നിസ്സഹായരുമായ തൊഴിലാളികൾ, ദുർബല വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ, വിധവകൾ എന്നിവരെ പണം നൽകിയും വിവാഹ വാഗ്ദാനം നൽകിയുമാണ് മതം മാറ്റിയിരുന്നത്. നിർബന്ധിച്ചും പ്രലോഭിപ്പിച്ചുമാണ് പ്രതികൾ ഇരകളെ ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
പീർ ബാബ എന്നറിയപ്പെടുന്ന ചങ്കൂർ ബാബയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തകാലം വരെ സൈക്കിളിൽ മോതിരവും മാലയും അത്തറും വിറ്റാണ് ഇയാൾ ജീവിച്ചിരുന്നത്. ജമാലുദ്ദീന്റെ വരുമാനത്തിൽ പെട്ടെന്നുള്ള വർദ്ധനവാണ് ഇഡി അന്വേഷിക്കുന്നത്. പണത്തിന്റെ സ്രോതസ്, പണം കൈമാറിയതിന്റെ ഉദ്ദേശം എന്നിവയും വിശദമായി അന്വേഷിക്കും.