കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് സമസ്ത ഒരുങ്ങുന്നു. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരള മദ്രസ മാനേജ്മന്റെ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ ഇന്ന് സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. സ്കൂൾ സമയമാറ്റം മതപഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സമസ്തയുടെ വാദം.
വിദ്യാഭ്യാസ വകുപ്പ് സ്കൂൾ സമയമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ സമസ്ത രംഗത്ത് വന്നിരുന്നു. സ്കൂൾ സമയം രാവിലെയും വൈകുന്നേരവും 15 മിനിറ്റ് വീതം വർദ്ധിപ്പിക്കാനാണ് വകുപ്പ് തീരുമാനിച്ചിരുന്നത്. സ്കൂൾ സമയം കൂട്ടിയാൽ സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ വരുന്ന മദ്രസാ പഠനത്തെ ബാധിക്കും. കുട്ടികൾക്ക് കൃത്യമായി മദ്രസയിൽ വരാൻ സാധിക്കില്ലെന്നുമാണ് മുസ്ലീം സംഘടന പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും ഇത് ചൂണ്ടിക്കാട്ടി സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പരാതി നൽകിയിരുന്നു. സാധാരണയായി മുസ്ലീം സംഘടനകൾ എതിർപ്പറിയിച്ചാൽ യൂടേൺ അടിക്കുന്നതാണ് പിണറായി സർക്കാരിൻെറ സ്ഥിരം ശൈലി. സ്കൂൾ സമയത്തിൻെറ കാര്യത്തിൽ ഇത് തന്നെ ആവർത്തിക്കാനാണ് സാധ്യത.















