ന്യൂഡൽഹി: ഇസ്രായേൽ നിർമിത ദീർഘദൂര മിസൈലായ ‘ലോറ'( LORA) വാങ്ങാൻ ഇന്ത്യൻ വ്യോമസേന തയ്യാറാടുക്കുന്നു. സുഖോയ് യുദ്ധവിമാനത്തിൽ ബ്രോഹ്മോസിനൊപ്പം വ്യന്യസിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്.
ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസാണ് (IAI) മിസൈലിന്റെ നിർമാതാക്കൾ. 400-430 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങൾ ഇവ തകർക്കും. മണിക്കൂറിൽ 6,174 കി.മീവരെയാണ് വേഗത. വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കോ റഡാറുകൾക്കോ ഇവയെ കണ്ടെത്താൻ സാധിക്കില്ല. ഇന്ത്യയിൽ നിന്നും തൊടുത്ത് വിട്ടാൽ കറാച്ചി, റാവൽപിണ്ടിയിലും യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് താവളങ്ങളിലും എത്തുമെന്ന് ചുരുക്കം.
ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമത്താവളങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ നിർമിത റാംപേജ് മിസൈലുകളും ഇന്ത്യ ഉപയോഗിച്ചിരുന്നു. സമുദ്രനിരപ്പിന് സമീപം താഴ്ന്ന ഉയരത്തിൽ പറക്കുന്ന ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. എന്നാൽ ഉയരത്തിൽ നിന്ന് വിക്ഷേപിക്കുകയും ഉയരത്തിൽ പറക്കുകയും ചെയ്യുന്ന ഒരു ക്വാസി-ബാലിസ്റ്റിക് മിസൈലാണ് ലോറ. നിലവിലുള്ള സുഖോയ് വിമാനങ്ങളിൽ ലോറയെ എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയും. ശത്രു ബങ്കറുകളോ വലിയ ലക്ഷ്യങ്ങളോ ആക്രമിക്കാനാണ് ബ്രഹ്മോസ് തൊടുത്തുവിടുന്നത്. എന്നാൽ ലോറ താരതമ്യേന ചെറിയ ലക്ഷ്യങ്ങൾ കൃത്യതയോടെ തകർക്കാൻ സാധിക്കും.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും സംയുക്തമായി ലോറ ഇന്ത്യയിൽ നിർമ്മിക്കുന്ന കാര്യവും പരിഗണനിലുണ്ട്. ഇസ്രേലുമായി ചർച്ചകൾ ആരംഭിച്ചെന്നും , 2027 ഓടെ ആദ്യത്തെ സ്ക്വാഡ്രൺ (18 മിസൈലുകൾ)സേനയുടെ ഭാഗമാകുമെന്നാണ് വിവരം.