സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. മുടിവെട്ടാൻ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യത്തിനാണ് രണ്ട് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ആക്രമിച്ചത്. ഹരിയാനയിലെ ഹിസാറിലാണ് സംഭവം.
കർത്താർ മെമ്മൊറിയൽ സ്കൂളിലെ പ്രിൻസിപ്പൽ ജഗ്ബീർ സിംഗാണ് കൊല്ലപ്പെട്ടത്. സ്കൂളിൽ പരീക്ഷ നടക്കുകയായിരുന്നു. മുടിവെട്ടാനും സ്കൂളിന്റെ അച്ചടക്കം പാലിക്കാനും പ്രിൻസിപ്പൽ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.
പ്രകോപിതരായ വിദ്യാർത്ഥികൾ കയ്യിൽ കരുതിയ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജഗ്ബീർ സിംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പ്രായപൂർത്തിയാകാത്ത പ്രതികൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.