ന്യൂഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരികള്‍ വീണ്ടും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി ഒരു റൗണ്ട് ഓഹരി വില്‍പ്പന കൂടി നടത്താനാണ് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ തയാറാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിന് (ദീപം) നിര്‍ദേശം നല്‍കി.
ഐപിഒ ഹിറ്റ്
2022 മെയ് മാസത്തില്‍ നടത്തിയ ബമ്പര്‍ ഐപിഒയില്‍ 3.5% ഓഹരികളാണ് സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നത്. ഒരു ഷെയറിന് 902-949 രൂപ നിരക്കില്‍ ഏകദേശം 21,000 കോടി രൂപയാണ് ഇതിലൂടെ സമാഹരിക്കാനായത്. നിലവില്‍ എല്‍ഐസിയില്‍ സര്‍ക്കാരിന് 96.5% ഓഹരിയുണ്ട്. 10% ഓഹരികള്‍ പൊതുവിപണിയില്‍ വിറ്റിരിക്കണമെന്ന സെബി മാനദണ്ഡം പാലിക്കാന്‍ 6.5% ഓഹരികള്‍ കൂടി സര്‍ക്കാര്‍ ഒഎഫ്എസ് വഴി വിറ്റഴിക്കേണ്ടതുണ്ട്. 2027 മെയ് 16 ആണ് ഇതിനുള്ള അവസാനം തിയതി.
ജനങ്ങള്‍ക്ക് അവസരം
നിലവില്‍ 5.85 ലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ വിപണി മൂലധനം. ബിഎസ്ഇയില്‍, എല്‍ഐസി ഓഹരികള്‍ 924.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നിലവിലെ വില നിലവാരം വെച്ച് 40000 കോടി രൂപയിലധികം ഒഎഫ്എസ് വഴി സര്‍ക്കാരിന് സമാഹരിക്കാനാവും. പൊതുജനങ്ങള്‍ക്കും ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാവും ഇത്.















