മലപ്പുറം: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സമസ്തയുടെ ആവശ്യം ന്യായമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്കൂൾ സമയം വർദ്ധിപ്പിക്കുന്നതിലൂടെ ജനാധിപത്യ വിരുദ്ധ നിലപാടാണ് സർക്കാർ കൈകൊള്ളുന്നത്. എത്രയോ കാലമായി സ്കൂളും മതപഠനവും ക്ലാഷില്ലാതെയാണ് പോകുന്നത്. അരമണിക്കൂർ സമയം കൂട്ടണമെങ്കിൽ മാർഗം എന്താണെന്ന് അവരോട് ചർച്ച ചെയ്തൂകൂടെ, കുഞ്ഞാലിക്കൂട്ടി പറയുന്നു.
കഴിഞ്ഞ ദിവസം വിഷയത്തിൽ പ്രത്യക്ഷ സമരത്തിനില്ലെന്നാണ് ലീഗ് പറഞ്ഞിരുന്നത്. പിന്നാലെയാണ് നിലപാട് മാറ്റം. സമസ്തയെ പിന്തുണച്ച് കാന്തപുരം വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം സ്കൂൾ സമയം മാറ്റത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. സമയം മാറ്റം ആവശ്യപ്പെടുന്നവർ അവരുടെ ആവശ്യം അനുസരിച്ച് സമയം ക്രമീകരിക്കണം. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവൺമെന്റിനെ വിരട്ടുന്നത് ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. എന്നാൽ സമസ്തയടക്കമുള്ള മുസ്ലീം സംഘടനകളുടെ പേര് പറയാതെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
രാവിലെയും വൈകുന്നേരവും സ്കൂൾ സമയം 15 മിനിറ്റ് വർദ്ധിപ്പിക്കാൻ വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. പിന്നാലെയാണ് മദ്രസാ പഠനത്തെ ബാധിക്കുമെന്ന വിചിത്ര വാദവുമായി മുസ്ലീം സംഘടനകൾ രംഗത്ത് വന്നത്.















