യെമനിലെ സഹായികളുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍

Published by
Janam Web Desk

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിലേക്കായി ഒരു കോടി രൂപ നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ബോബി ചെമ്മണ്ണൂര്‍ ട്രസ്റ്റ് വഴി ഒരു കോടി രൂപ നല്‍കും. മോചനശ്രമത്തിന്റെ ഭാഗമായി നാലുദിവസത്തിനകം ഒമാനിലെത്തി ചര്‍ച്ചകള്‍ തുടരുമെന്നും യെമനിലെ ഇടനിലക്കാരുമായി ചര്‍ച്ച നടത്തിയതായും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
അബുദാബിയിലെ സുഹൃത്ത് അബ്ദു റൗഫ് വഴി നിമിഷപ്രിയയെ രക്ഷിക്കാൻ ഇടപെടുന്നു എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.  16 ന് വധശിക്ഷ വിധിച്ചതാണ്. നീട്ടിത്തരാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ ഈ മാസം 16 ന് വധശിക്ഷയ്‌ക്ക് വിധേയയാക്കുമെന്ന് കുടുംബത്തെ അറിയിച്ചതായി നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് സ്ഥിരീകരിച്ചു. നിമിഷപ്രിയ ഇപ്പോള്‍ യെമനിലെ സനയിലെ സെന്‍ട്രല്‍ പ്രിസണിലാണ് തടവിലുള്ളത്. നിമിഷപ്രിയയെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ടോമി തോമസ് കഴിഞ്ഞദിവസം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടിരുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കൊപ്പമാണ് ടോമി തോമസ് ഗവര്‍ണറെ കണ്ടത്.ഗവര്‍ണര്‍ തന്റെ മുന്നില്‍ വെച്ചു തന്നെ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെന്നും, തന്നാല്‍ കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പു നല്‍കിയെന്നും ടോമി തോമസ് പറഞ്ഞു.

Share
Leave a Comment