തിരുവനന്തപുരം: പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ മേല്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണെന്ന ആരോപണവുമായി കുടുംബം. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുണ്ടറ കാഞ്ഞിരക്കോട് തെങ്ങുവിള വീട്ടില്‍ ജെയ്സൺ അലക്സിനെ (48) ഇന്ന് ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മകൻ മരിക്കാൻ കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം കാരണമെന്ന് ജെയ്സൺ അലക്സിന്റെ അമ്മ പറയുന്നു.
“ജോലിയിൽ നല്ല സമ്മർദ്ദം ഉണ്ടായിരുന്നു.പലപ്പോഴും അത് എന്നോട് പറഞ്ഞിട്ടുണ്ട്. ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങി. അതിൻെ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായി. അവൻ അത് ഒപ്പിട്ടു കൊടുത്തില്ല. അതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് അവൻ പറഞ്ഞു”. മരിച്ച ജെയ്സൺ അലക്സിന്റെ മാതാവ് ജമ്മ അലക്സാണ്ടർ മാധ്യമങ്ങളോട് പറഞ്ഞു. ബില്ലില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഒപ്പിട്ടാല്‍ കുടുങ്ങുമെന്നും മകന്‍ പറഞ്ഞിരുന്നതായി ജെയ്സൺ അലക്സിന്റെ അമ്മ ആരോപിച്ചു.
ഇന്ന് ഉച്ചയോടെയാണ് ജെയ്‌സണ്‍ അലക്‌സിനെ പുല്ലാന്നിവിള കടവന്‍കോട്ടുകോണം ബഥേലിലെ വീട്ടിൽ ജീവന്‍ ഒടുക്കിയ നിലയില്‍ കണ്ടെത്തിയത്. അധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളില്‍ പോയ സമയത്തായിരുന്നു ഇദ്ദേഹം ജീവനൊടുക്കിയത്.