തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയമായ ‘കെ.ജി. മാരാർ ഭവൻ’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമർപ്പിച്ചു. രാവിലെ 10.45 ഓടെ എത്തിയ അമിത് ഷാ ബിജെപി പതാക സംസ്ഥാന കാര്യാലയത്തിന് മുന്നിൽ ഉയർത്തി. സംസ്ഥാന കാര്യാലയത്തിൽ പ്രത്യേകം സജ്ജീകരിച്ച കൊടിമരത്തിലാണ് പതാക ഉയർത്തിയത്. പിന്നീട് അദ്ദേഹം ഓഫീസിന്റെ മുറ്റത്ത് കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
തുടർന്ന്ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു. ദേശീയ- സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിമയിൽ ഹാരാർപ്പണം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി തുടർന്ന് ഓഫീസ് കെട്ടിടം നടന്നു കണ്ടു.
തൈക്കാട് രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാർജി ഭവൻ നിർമ്മിച്ചിരിക്കുന്നത്. സി.കെ. പത്മനാഭൻ സംസ്ഥാന പ്രസിഡന്റും പി.പി. മുകുന്ദൻ സംഘടനാ ജനറൽ സെക്രട്ടറിയുമായിരുന്നപ്പോഴായിരുന്നു സ്ഥലം വാങ്ങിയത്. മൂന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെ നിർമാണം പൂർത്തിയായത്.
പൂർണ്ണമായും കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി നാലുകെട്ട് മാതൃകയിൽ ഏഴ് നിലകളായാണ് കാര്യാലയം ഒരുക്കിയിരിക്കുന്നത്. 300 ലധികം ആളുകൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും, മീറ്റിംഗ് സെന്ററും മീഡിയ റൂമുകളും ഡിജിറ്റൽ ലൈബ്രറികളും സജ്ജമായിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ പാലുകാച്ചൽ ചടങ്ങ് നടന്നിരുന്നു.
പാർട്ടി കാര്യാലയമായും ജനസേവന കേന്ദ്രമായും പ്രവർത്തിക്കുന്നതിനപ്പുറം വികസിത കേരളം ലക്ഷ്യമിട്ടുള്ള പുത്തൻ ആശയങ്ങളുടെ പ്രഭവകേന്ദ്രം കൂടിയാകും പുതിയ മന്ദിരം.















