ബെംഗളൂരു: ആർസിബിയുടെ വിജയത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (KSCA) റാേയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) , ഡിഎൻഎ എന്റർടൈൻമെന്റ്, ബെംഗളൂരു പൊലീസ് എന്നിവർ ഉത്തരവാദികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് സമർപ്പിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ആർസിബിയുടെ വിജയാഘോഷത്തിൽ വൻ ജനക്കൂട്ടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പരിപാടിയുമായി ആളുകൾ മുന്നോട്ടുപോയി. വിരമിച്ച ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുൻഹയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.
പരിപാടി ആസൂത്രണം ചെയ്തതിലും ക്രമീകരണങ്ങൾ നടത്തിയതിലും സുരക്ഷ ഒരുക്കുന്നതിലും വീഴ്ച സംഭവിച്ചു. 79 പൊലീസ് ഉദ്യോഗസ്ഥർ മാത്രമേ സ്റ്റേഡിയത്തിനുള്ളിൽ ഉണ്ടായിരുന്നുള്ളു. സ്റ്റേഡിയത്തിന് പുറത്ത് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നില്ല. ഇത്തരം പരിപാടികളിൽ പാലിക്കേണ്ട അടിസ്ഥാന നിബന്ധനകൾ പോലും സംഘാടകർ പാലിച്ചില്ല.
ദൃക്സാക്ഷികൾ, പരിക്കേറ്റവർ, പൊലീസ് ഉദ്യോഗസ്ഥർ, കെഎസ് സിഎ ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ എന്നിവരിൽ നിന്നും മൊഴിരേഖപ്പെടുത്തി. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും താമസമെടുത്തു. പൊലീസ് കമ്മീഷണർ അപകടത്തെ കുറിച്ച് അറിഞ്ഞത് സംഭവം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.















