ന്യൂഡൽഹി: പാകിസ്ഥാനി നടിയും മോഡലുമായ ഹുമൈറ അസ്ഗർ അലിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നടിയുടെ അവയവങ്ങളെല്ലാം പൂർണമായും അഴുകിയ നിലയിലാണെന്നും മൃതദേഹത്തിന് ഒമ്പത് മാസം പഴക്കമുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പ്രധാന അവയവങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ചുരുങ്ങിപ്പോയി. മുഖവും തിരിച്ചറിയാൻ കഴിയുന്നില്ല. അസ്ഥികൾ തൊടുമ്പോൾ തന്നെ പൊടിഞ്ഞുപോകുന്നു. ശരീരത്തിൽ മുഴുവൻ പ്രാണികളാണ്. ആന്തരികാവയങ്ങളെല്ലാം കറുത്ത നിറത്തിലായിരുന്നു. മസ്തിഷ്കം പൂർണമായും അഴുകിപ്പോയി. സുഷ്മനാ നാഡി പൂർണമായും ദ്രവിച്ചുപോയിരിക്കുകയാണ്. തലയ്‌ക്കും നട്ടെല്ലിനും കേടുകൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ശരീരം മുഴുവൻ അഴുകിയ നിലയിലായതിനാൽ മരണകാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഡിഎൻഎ പ്രൊഫൈലിംഗും ടോക്സിക്കോളജി പരിശോധനകളും നടക്കുകയാണ്. ഇതിലൂടെ മരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
മാസങ്ങളായി വാടക ലഭിക്കാത്തതിൽ വീട്ടുടമസ്ഥർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നടിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അയൽക്കാർ നടിയെ അവസാനമായി കണ്ടത് കഴിഞ്ഞ വർഷം സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരുന്നുവെന്നാണ് വിവരം.















