ന്യൂ ഡൽഹി : സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. സി സദാനന്ദൻ മാസ്റ്ററെ കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്തു. നോമിനേറ്റഡ് അംഗങ്ങളായി പുതിയ നാല് പേർ രാജ്യസഭയിൽ എത്തും.അതിൽ ഒരാളായാണ് സി സദാനന്ദൻ മാസ്റ്റർ എത്തുന്നത്.
അധ്യാപകനും സാമൂഹ്യപ്രവർത്തകനും , വിദ്യാഭ്യാസവിചക്ഷണനും ചിന്തകനുമായ സി സദാനന്ദൻ മാസ്റ്ററെ ആ പട്ടികയിൽ തന്നെയാണ് ഉൾപ്പെടുത്തിയത്.നിലവിൽ അദ്ദേഹം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ആണ്.
ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് സി.പി.എം ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. കൃത്രിമക്കാലുകളുമായി ജീവിക്കുന്ന അദ്ദേഹത്തിന്റെ അനുപമമായ വ്യക്തിപ്രഭാവം നിരവധിപേരെ ആകർഷിക്കുന്നു.
മുൻ വിദേശകാര്യ സെക്രട്ടറി ശ്രിംഗ്ല, 26/11 മുംബൈ ഭീകരാക്രമണ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം, കേരളത്തിലെ അധ്യാപകൻ സി. സദാനന്ദൻ മാസ്റ്റർ, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരെ ഇന്ത്യൻ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുകയായിരുന്നു.
മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നിവിടങ്ങളിലെ മുൻ അംബാസഡറുമാണ് ശ്രിംഗ്ല. 2023-ൽ ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ ചീഫ് കോർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
മുംബൈ ഭീകരാക്രമണ കേസിൽ സർക്കാർ അഭിഭാഷകനായി സേവനമനുഷ്ഠിച്ച ഉജ്ജ്വൽ നികം നിയമവൃത്തങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ഡോ. മീനാക്ഷി ജെയിൻ അറിയപ്പെടുന്ന ഒരു ചരിത്രകാരിയും ഡൽഹി സർവകലാശാലയിലെ ഗാർഗി കോളേജിലെ മുൻ ചരിത്ര അസോസിയേറ്റ് പ്രൊഫസറുമാണ്.