പുതുതലമുറക്ക് മൂല്യബോധങ്ങൾ പകരുന്നതാണ് ഗുരുപൂജയെന്ന് ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ പി ശശികല ടീച്ചർ. കേരളത്തിലെ സാംസ്കാരിക ബോധത്തിന് ഭ്രാന്ത് പിടിച്ച പ്രതികരണങ്ങളാണ് കേൾക്കുന്നതെന്നും ആഷാഡ പൗർണമിയോടനുബന്ധിച്ച് ഗുരുപൂജ നടത്തിയത് അപരാധമായാണ് ചില സംഘടനകൾ പ്രചരിപ്പിക്കുന്നതെന്നും ശശികല ടീച്ചർ ജനം ടിവിയോട് പ്രതികരിച്ചു.
ഗുരുപൂജയുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു അവർ. “വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ ഗുരുപൂജയെ വിമർശിക്കുന്നു. മത ആചാരത്തിന്റെ പേരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൃഗീയമായി കൊല്ലപ്പെട്ടത് ഈ സംഘടനകൾ അറിഞ്ഞിട്ടില്ല. അതിന്റെ പേരിൽ ഒരൽപം പോലും പ്രതികരിക്കാത്തവരാണ് ഇതിനെ വിമർശിക്കുന്നത്”.
പുതിയ തലമുറയ്‌ക്ക് കുറച്ച് മൂല്യബോധം ഉണ്ടാകാൻ ഉപദേശങ്ങളിലൂടെ സാധിക്കില്ല. ഉപദേശങ്ങൾക്കപ്പുറം അനുഭവങ്ങൾ നൽകാൻ വേണ്ടിയാണ് ഇത് ചെയ്തത്. അതിനാലാണ് വിരമിച്ച അദ്ധ്യാപകർക്ക് കുട്ടികൾ പാദപൂജ ചെയ്തത്. പാദപൂജ എന്നതിനെ കുറിച്ച് വിമർശിക്കുന്നവർക്ക് എന്ത് അറിയാം. അദ്ധ്യാപകരെ വിളിച്ചിരുത്തി, സോപ്പും ചകിരിയും ഉപയോഗിച്ച് കഴുകുന്നതാണ് പാദപൂജ എന്നാണ് ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയും വൃത്തിക്കെട്ട പ്രതികരണങ്ങൾ അവർ നടത്തുന്നത്. ആരെയോ സുഖിപ്പിക്കാൻ വേണ്ടിയാണിത്. വളരുന്ന തലമുറകളെ നശിപ്പിക്കരുത്. ഗുരുപൂജ ഇനിയും നടത്തും. ആര് എന്തൊക്കെ ബഹളം കൂട്ടിയാലും ഗുരുപൂജ മഹോത്സവം ഇതുപോലെ തന്നെ നടക്കുമെന്നും ശശികല ടീച്ചർ പറഞ്ഞു.