തിരുവനന്തപുരം: ഗുരുപൂർണിമ ദിനത്തിൽ വിദ്യാർത്ഥികൾ മുതിർന്ന അദ്ധ്യാപകർക്ക് പാദപൂജ ചെയ്ത സംഭവത്തിൽ വിമർശകർക്ക് മറുപടിയുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗമാണെന്നും അതിൽ എന്താണ് തെറ്റുള്ളതെന്നും ഗവർണർ ചോദിച്ചു. ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിർക്കുന്നത്. സ്കൂളുകളിൽ ഗുരുപൂജ നടത്തിയതിൽ എന്താണ് തെറ്റ്. ഗുരുവിനെ ആദരിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. കുട്ടികൾ സനാതന ധർമവും പൂജയും സംസ്കാരവും പഠിക്കുന്നതിൽ എന്താണ് തെറ്റ്.
രാവിലെ എന്നെ കാണാൻ എത്തിയ സർക്കാർ ഉദ്യോഗസ്ഥർ എനിക്ക് പ്രണാമം പറഞ്ഞു. പ്രണാമം പറയുന്നത് തെറ്റാണെങ്കിൽ അദ്ദേഹത്തെ സർവീസിൽ നിന്ന് മാറ്റുമോ. ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്കാരവുമാണന്നും ഗവർണർ പറഞ്ഞു.