ലഖ്‌നൗ: ഉത്തർപ്രദേശിലെ മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ എന്ന ചങ്കൂർ ബാബയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഹിന്ദു പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനം ചെയ്യാൻ ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂറ്റബാബ ധനസഹായം നൽകിയെന്ന് പോലീസ്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയ ചങ്കൂർ ബാബ മതപരിവർത്തന റാക്കറ്റ് നടത്തുന്നതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുസ്ലീം രാജ്യങ്ങളിൽ നിന്ന് 500 കോടി രൂപ കൈപ്പറ്റിയിട്ടുണ്ട്.
ഇന്ത്യ-നേപ്പാൾ അതിർത്തി വഴി ഉത്തർപ്രദേശിലെ ഏഴ് ജില്ലകളിലെ മുസ്ലീം യുവാക്കൾക്ക് ചങ്കൂർ ബാബ പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദരിദ്രരും ദുർബലരും വിധവകളുമായ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇത്തരത്തിൽ ‘ലവ് ജിഹാദ്’ വഴി ഹിന്ദുപെൺകുട്ടികളെ വശീകരിക്കുന്ന യുവക്കൾക്കും പണം ലഭിച്ചിരുന്നു.
ചങ്കൂർ ബാബയ്‌ക്കൊപ്പം, അദ്ദേഹത്തിന്റെ കൂട്ടാളിയായ നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്ത് ഏഴ് ദിവസത്തെ എടിഎസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. വിദേശത്ത് നിന്ന് ലഭിക്കുന്ന ധനസഹായം നസ്രീനാണ് കൈകാര്യം ചെയ്തിരുന്നത്. വിദേശ ധനസഹായ വഴികൾ കണ്ടെത്തുന്നത്തിന് ഇന്റലിജൻസ് ബ്യൂറോ (IB), ദേശീയ അന്വേഷണ ഏജൻസി (NIA) എന്നിവയിലെ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്ത ജമാലുദ്ദീൻ എന്ന നവീൻ, ചങ്കൂർ ബാബയുടെ മകൻ മെഹബൂബ് എന്നിവരെ ലഖ്‌നൗ ജില്ലാ ജയിലിൽ അടച്ചിരുന്നു. ചങ്കൂർ ബാബ തന്റെ മകന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങുകയും ഇടപാടുകൾ നടത്തുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഷാർജ, ദുബായ്, യുഎഇ എന്നിവിടങ്ങളിലുള്ള ചങ്കൂർ ബാബയുടെ സംശയ നിഴലിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകൾ ഇപ്പോഴും പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.