പാലക്കാട് : പാലക്കാട് വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 58 കാരനാണ് ഒടുവിലായി നിപ ബാധിച്ച് മരിച്ചത്. മരിച്ചയാളുടെ മണ്ണാർക്കാട്ടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.
മേഖലയിലെ കണ്ടൈയ്ൻമെന്റ് സോണുകൾ ഉടൻ പ്രഖ്യാപിക്കും. മരിച്ച പാലക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് ക്വാറന്റൈനിൽ പോകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5 മണിയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. സാംപിള്‍ പൂനെയിലെ വൈറോളജി ലാബിലേക്കും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്.