മലപ്പുറം: കോളേജ് വിദ്യാർത്ഥിയെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നാദിൽ (21), പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ ചിത്രം മുഖം മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളുണ്ടാക്കി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി വിദ്യാർത്ഥിനിക്ക് അയച്ചുനൽകിയാണ് ഭീഷണി. അഞ്ച് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് പെൺകുട്ടി കൊണ്ടോട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി ആഭരണങ്ങൾ നൽകി ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. ഇത് മനസ്സിലാക്കിയ പൊലീസ് പെൺകുട്ടിയെ മഫ്തിയിൽ പിന്തുടർന്നാണ് പ്രതികളിലേക്ക് എത്തിയത്.
സ്കൂളിൽ പെൺകുട്ടികളുടെ സീനിയേഴ്സ് ആയിരുന്നു മുഹമ്മദ് തസ്രീഫ് . ഇയാളാണ് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച് സന്ദേശങ്ങളും നഗ്നദൃശ്യങ്ങളും അയച്ച് നൽകിയത്. ഇയാളുടെ ഫോണിൽ നിന്നും വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടും മോർഫ് ചെയ്ത ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കൂട്ടുകാരുടെ സഹായത്തോടെയാണ് മുഹമ്മദ് തസ്രീഫ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായതോടെയാണ് മറ്റ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികൾ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്