ന്യൂഡൽഹി: 18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ ഗഗനസഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം 2.35 ന് സംഘം ആക്സിയം-4 പേടകത്തിൽ പ്രവേശിക്കും. 2.50 ഓടെ യാത്രയ്‌ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. 4.35 ന് ബഹിരാകാശ നിലയിൽ നിന്നും പേടകത്തെ വേർപ്പെടുത്തുന്ന പ്രക്രിയ ‘അൺഡോക്കിംഗ് നടക്കും.
തുടർന്ന് 22 മണിക്കൂർ നീണ്ട യാത്രയ്‌ക്ക് ശേഷം നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെ സംഘം ഭൂമിയിൽ തൊടും. കാലിഫോർണിയ തീരത്തിനടുത്തുള്ള പെസഫിക്ക് സമുദ്രത്തിൽ പേടകം ഇറങ്ങുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
ജൂൺ 25 ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയടക്കം നാലംഗസംഘം സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിൽ കുതിച്ചുയർന്നത്. ജൂൺ 26 ന് സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തി. 14 ദിവസം നിലയിത്തിൽ ചെലവഴിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത്. എന്നാൽ നാല് ദിവസം കൂടി അധികം ചെലവഴിച്ചാണ് മടക്കയാത്ര.
ഭാവി ബഹിരാകാശ യാത്രികർക്ക് പ്രയോജനം ചെയ്യുന്ന 60 പരീക്ഷണങ്ങൾ സംഘം നടത്തി. കഴിഞ്ഞ ദിവസം പരമ്പരാഗത യാത്രയയപ്പ് ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്.