ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ആയുധ ഇടപാടിൽ ഇടനിലക്കാരനായ സഞ്ജയ് ഭണ്ഡാരിക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. നേരത്തെ ജൂൺ 10 നും 17 നും രണ്ട് തവണ ഇഡി സമൻസ് അയച്ചിരുന്നെങ്കിലും വ്യത്യസ്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി വാദ്ര ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.
എപിജെ അബ്ദുൾ കലാം റോഡിലുള്ള ഇഡി ഓഫീസിൽ രാവിലെ 11 മണിയോടെ റോബർട്ട് വാദ്ര ഹാജരായി. സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധം, അദ്ദേഹവുമായി ബന്ധപ്പെട്ട ലണ്ടനിലെ സ്വത്തുക്കൾ, കേസിന്റെ മറ്റ് അനുബന്ധ വശങ്ങൾ എന്നിവയെ കുറിച്ച് ഒരു സംഘം ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂലൈ അഞ്ചിന് സഞ്ജയ് ഭണ്ഡാരിയെ ഡൽഹി കോടതി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ ഇയാളുടെ 655 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡിക്ക് കഴിയും. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലണ്ടനിലെ ചില സ്വത്തുക്കൾ, ഇന്ത്യയിലെ ഭൂമി ഇടപാടുകൾ എന്നിവ സംബന്ധിച്ച് റോബർട്ട് വാദ്രയും ഇഡിയുടെ നിരീക്ഷണത്തിലാണ്.