മൂന്ന് വർഷം മുൻപ് കാക്ക കൊത്തിക്കൊണ്ടു പോയ സ്വർണ്ണവള ഉടമയ്ക്ക് തിരിച്ചുകിട്ടി. മഞ്ചേരി തൃക്കലങ്ങോട്ടാണ് അവിശ്വസനീയമായ സംഭവം നടന്നത്. മരം വെട്ടുകാരൻ അൻവർ സാദത്തിനാണ് കാക്കയുടെ കൂട്ടിൽ നിന്നും സ്വർണവള ലഭിച്ചത്. പിന്നീട് അത് വളയുടെ ഉടമയായ ഹരിതയിൽ എത്തുകയായിരുന്നു.
മൂന്ന് വർഷവും അഞ്ച് മാസവും മുമ്പാണ് ഹരിതയുടെ കൺമുന്നിൽ വച്ച് വള കാക്ക കൊത്തിക്കൊണ്ടുപോയത്. തുണി കഴുകുന്നതിനായി അലക്കുകല്ലിൽ ഊരിവച്ചതായിരുന്നു. വളയുമായി കാക്ക പറന്നു പോകുന്നത് യുവതി കണ്ടിരുന്നു. പിന്നിട് പ്രദേശം ആകെ അരിച്ച് പെറുക്കി തെരച്ചിൽ നടത്തിയെങ്കിലും വള കണ്ടെത്താൻ ആയില്ല.
ഹരിതയുടെ വീടിന് സമീപമുള്ള പുരയിടത്തിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെയാണ് അൻവറിന് കാക്ക കൂട്ടിൽ നിന്നും വള ലഭിച്ചത്. സ്വർണമാണെന്ന് മനസ്സിലായതോടെ അദ്ദേഹം ആഭരണം പ്രദേശത്തെ വായന ശാലയിൽ ഏൽപ്പിച്ചു. വായനശാല നോട്ടീസ് ബോർഡിൽ വളയുടെ ഫോട്ടോ കണ്ട അയൽക്കാർ ഹരിതയെ വിവരം അറിയിക്കുകയായിരുന്നു. സ്വർണ്ണം വാങ്ങിയ രസീതും പഴയ ഫോട്ടോയും ഒത്തുനോക്കി ഹരിതയുടെതാണ് ഉറപ്പിച്ച ശേഷമാണ് വായനാശാല അധികൃതർ വള കൈമാറിയത്.















