ന്യൂഡൽഹി: പഹൽഗാമിൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടത് പാക് സൈനിക-രാഷ്‌ട്രീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമെന്ന് റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും ലഷ്‌കർ-ഇ-തൊയ്ബയും ചേർന്നാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്. എന്നാൽ വിവരം ഒരു ചോർന്ന് പോകാതിരിക്കാൻ കശ്മീരി ഭീകരരെ ഗൂഢാലോചനയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
പഹൽഗാം ഭീകരാക്രമണം 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ പദ്ധതിയായിരുന്നു. പാക് ഭീകരരെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്ന് ലഷ്കർ കമാൻഡർ സാജിദ് ജട്ടിന് ഐഎസ്ഐ നിർദ്ദേശം നൽകിയിരുന്നുവെന്നും അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ ആണെന്ന് സംശയിക്കുന്ന സുലൈമാനാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ലഷ്കർ ആസ്ഥാനമായി മുരിദ്കെയിലെ ഇയാൾ പരിശീലനം നേടിയിരുന്നു. ഭീകരമായ ആക്രമണത്തിന് ഒരു ആഴ്ച മുമ്പ്, അതായത് ഏപ്രിൽ 15 ന് സുലൈമാൻ ത്രാൽ വനത്തിൽ നിന്നും സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
2023 ഏപ്രിലിൽ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിലും സുലൈമാന് പങ്കുണ്ട്. തുടർന്നുള്ള രണ്ട് വർഷം ഇയാൾ ഒളിവിലായിരുന്നു. 2022 ലാണ് ജമ്മു മേഖലയിലെ നിയന്ത്രണ രേഖ കടന്ന് ഇയാൾ ഇന്ത്യയിൽ എത്തിയത്.