കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു. നയതന്ത്ര തലത്തിലും മാനുഷിക തലത്തിലും ഇന്ത്യൻ ഉദ്യോഗസ്ഥർ നിരന്തരം നടത്തിയ നീക്കങ്ങൾക്ക് ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗവർണർ രാജേന്ദ്ര അർലേക്കറും ചൊവ്വാഴ്ച വിഷയത്തിൽ ഇടപെട്ട് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു.
യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോമും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൊല്ലപ്പെട്ട യെമൻ പൗരന്റ കുടുബം ഇതുവരെ മാപ്പ് നൽകുകയോ ബ്ലഡ് മണി സ്വീകരിക്കാൻ സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്ന് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം കൂടിയായ സാമുവൽ ജെറോം പറഞ്ഞു
എന്നാൽ കുടുംബം വധശിക്ഷ മാറ്റിവയ്ക്കുന്നതിനോട് യോജിച്ചിട്ടില്ലെന്നാണ് വിവരം. കേസ് അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ യെമൻ അധികൃതർ കേസ് മാറ്റിവയ്ക്കാൻ മാത്രമാണ് സമ്മതിച്ചിരിക്കുന്നതെന്നും അറിയിച്ചു.















