ന്യൂഡൽഹി: ഭാരതീയരുടെ സ്വപ്നവും പ്രതീക്ഷകളും ഹൃദയത്തിലേറ്റി ബഹിരാകാശത്തേക്ക് യാത്രതിരിച്ച ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 18 ദിവസത്തെ ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ ശുഭാംശുവിനെ ഹൃദയംകൊണ്ട് സ്വീകരിക്കുകയാണ് ഭാരതവും ഭാരതീയരും.
രാജ്യത്തിന്റെ ഗഗൻയാൻ ദൗത്യത്തിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്പാണ് ഈ യാത്രയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. “രാജ്യത്തോടൊപ്പം ചേർന്ന് ശുഭാംശുവിനെ ഞാൻ സ്വാഗം ചെയ്യുന്നു. ബഹിരാകാശനിലയം സന്ദർശിച്ച ഇന്ത്യയിലെ ആദ്യ ബഹിരാകാശയാത്രികൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആത്മസമർപ്പണവും ധൈര്യവും ഏവർക്കും പ്രചോദനം നൽകുന്നു”വെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ശുഭാംശു ശുക്ലയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗും എക്സിൽ കുറിച്ച് പങ്കുവച്ചു. ശുഭാംശുവിന്റെ തിരിച്ചുവരവ് ഓരോ ഭാരതീയനും അഭിമാനകരമായ നിമിഷമാണ്. അദ്ദേഹം ബഹിരാകാശത്തേക്ക് എത്തുക മാത്രമല്ല, രാജ്യത്തിന്റെ അഭിലാഷങ്ങളെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുകയും ചെയ്തു. ഇത് രാജ്യത്തിന്റെ വളർന്നുവരുന്ന ബഹിരാകാശ അഭിലാഷങ്ങൾക്കുള്ള അഭിമാനകരമായ മുന്നേറ്റമാണെന്നും രാജ്നാഥ് സിംഗ് കുറിച്ചു.
ഇന്ത്യൻ സമയം കൃത്യം മൂന്ന് മണിക്കാണ് ശുഭാംശുവും സംഘവും ഭൂമിയിൽ തിരിച്ചെത്തിയത്. 22 മണിക്കൂർ നീണ്ട യാത്ര പൂർത്തിയാക്കിയാണ് സംഘം ഭൂമിതൊട്ടത്.