ന്യൂഡൽഹി: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇടപെട്ടതുകൊണ്ടാണെന്ന വാദം തള്ളി യെമനിലെ സാമൂഹികപ്രവർത്തകൻ. ഇന്ത്യൻ എംബസിയിലെ പ്രാദേശിക ജീവനക്കാരുൾപ്പെടെയാണ് വിഷയത്തിൽ ഇടപെട്ടതെന്ന് യെമനിലെ സാമൂഹ്യപ്രവര്‍ത്തകൻ സാമുവൽ ജെറോം പറഞ്ഞു. തിങ്കളാഴ്ച തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തിമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിന് പിന്നിൽ തന്‍റെ ഇടപെടലാണെന്ന് കാന്തപുരം വരുത്തി തീര്‍ക്കുകയായിരുന്നു. വധശിക്ഷ നീട്ടവക്കുന്ന കത്തിലെ തീയതിയും തിങ്കളാഴ്ചത്തേതാണ്. സാമുവൽ ജെറോമിന്റെ ശബ്ദരേഖ ജനംടിവിക്ക് ലഭിച്ചു.
മനുഷ്യനെന്ന നിലയിലാണ് വിഷയത്തിൽ ഇടപെട്ടതെന്നായിരുന്നു കാന്തപുരത്തിന്റെ അവകാശവാദം. ഇതിന് പിന്നാലെ കാന്തുപുരത്തെ പിന്തുണച്ച് നിരവധി ലേഖനങ്ങൾ ചില മലയാള മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. യെമനിൽ ജഡ്ജിമാരുമായും പണ്ഡിതന്മാരുമായും ചർച്ച നടത്തിയെന്നും അതിനാലാണ് വധശിക്ഷ നീട്ടിവയ്‌ക്കാനുള്ള തീരുമാനം ഉണ്ടായതെന്നുമായിരുന്നു കാന്തപുരം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഈ വാദങ്ങൾ തള്ളിക്കളയുന്നതാണ് യെമനില സാമൂഹികപ്രവർത്തകന്‍റെ വെളിപ്പെടുത്തൽ.















