ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കുപ്രചരണങ്ങളും വ്യാജവാർത്തകളും നിമിഷ പ്രിയയ്‌ക്ക് തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്. നിമിഷ പ്രിയയ്‌ക്ക് മാപ്പ് നൽകില്ലെന്നും ഒത്തുതീർപ്പിനില്ലെന്നുമുള്ള യെമൻ പൗരന്റ കുടുംബം അൽപ്പം മുൻപ് ബിബിസിയോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഡ്വ.ദീപ ജോസഫിന്റെ പ്രതികരണം. 2019 മുതൽ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിയമസഹായം നൽകുന്നത് ഡൽഹിയിൽ അഭിഭാഷകയായ ദീപ ജോസഫാണ്.
‘തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയിൽ നിന്നുള്ള കുപ്രചാരണങ്ങളാണെന്ന് ദീപ ജോസഫ് പറഞ്ഞു. നിമിഷപ്രിയയുടെ വിഷയത്തിൽ ക്രെഡിറ്റ് തട്ടാൻ ശ്രമമാണ് ഇവിടെ നടക്കുന്നത്. കുപ്രചാരണം കൊണ്ട് മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ജീവനെ ഇല്ലാതാക്കുകയാണ്. തലാലിനെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാനും നിമിഷയുടെ ചെയ്തികളെ ന്യായീകരിക്കാനുമുള്ള ശ്രമമാണ് കുടുംബത്തെ ഇത്രമാത്രം ചൊടിപ്പിച്ചത്. അവരെ എന്തിനാണ് പ്രകോപ്പിക്കുന്നത്.
വധശിക്ഷ മരവിച്ച കാര്യം ഞായറാഴ്ച തന്നെ അറിഞ്ഞിരുന്നു. എന്നാൽ രഹസ്യമായി വയ്‌ക്കാൻ അവിടെ നിന്ന് നിർദ്ദേശമുണ്ടായിരുന്നു. സാമുവലിന് ജറോമിന് റിട്ടേൺ കൺഫർമേഷൻ കിട്ടിയ ശേഷമാണ് വിവരം പുറത്ത് വിട്ടത്. ആ നിമിഷം മുതൽ ഇവിടെ ക്രഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. വധശിക്ഷ നീട്ടിവയ്‌ക്കണമെന്ന് അപേക്ഷിച്ച് നിമിഷയുടെ അമ്മ ഡയറക്ടറേറ്റ് ഓഫ് പ്രൊസിക്യൂഷന് അപേക്ഷ നൽകിയിരുന്നു. ഇതിൽ മേലാണ് ശിക്ഷ നീട്ടിവച്ചത്. കേന്ദ്ര സർക്കാർ വിഷയത്തിൽ എന്താല്ലാം ഇടപെടൽ നടത്തി. എന്നാൽ ക്രെഡിറ്റ് എടുക്കാൻ അവർ വന്നില്ലെന്നും, ദീപ ജോസഫ് പറഞ്ഞു.















