നടിയും അവതാരികയുമായ ആര്യയുടെ ഉടമസ്ഥയിലുള്ള ബൊട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജ് വ്യാജമായി തയാറാക്കി തട്ടിപ്പ്. സംഭവത്തിൽ ആര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്ക് നൽകാമെന്ന് ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പിന് പിന്നിൽ ബിഹാറിൽ നിന്നുള്ള ആളുകളാണെന്നാണ് കണ്ടെത്തൽ.
തട്ടിപ്പിനിരയായെന്ന് പറഞ്ഞ് നിരവധി ആളുകൾ രംഗത്ത് വന്നതോടെയാണ് ആര്യ പൊലീസിൽ പരാതി നൽകിയത്. കാഞ്ചീവരം എന്ന പേരിലുള്ള റീടെയിൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജ പതിപ്പുകൾ തയാറാക്കിയായിരുന്നു തട്ടിപ്പ്.
ആര്യയുടെ ഒഫിഷ്യൽ ബോട്ടീക്കിലെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ബന്ധപ്പെടാനായി ഫോൺ നമ്പറുമുണ്ടായിരിക്കും. ഫോൺ നമ്പറിൽ വിളിച്ച് പണം അയയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചുനൽകും. പണം കിട്ടിയതിന് ശേഷം നമ്പർ ബ്ലോക്ക് ചെയ്യുന്നതാണ് പതിവ്. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും സാധനം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പ് മനസിലാവുന്നത്. അന്വേഷണത്തിൽ 15-ലധികം പേജുകൾ പൂട്ടിച്ചു. എന്നാൽ പിന്നീടും തട്ടിപ്പുകാർ സോഷ്യൽമീഡിയയിൽ സജീവമായി തുടരുകയാണ്. ആര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















