തിരുവനന്തപുരം: കാട്ടാക്കട അതിവേഗ പോക്സോ കോടതിയിലെ തീപിടിത്തത്തിൽ അന്വേഷണം ക്രെെം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി കെ ബിനുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അട്ടിമറി സാധ്യത ബലപ്പെട്ടതോടെയാണ് അന്വേഷണം.
വിലപ്പെട്ട നിരവധി രേഖകൾ സൂക്ഷിച്ചിരിക്കുന്ന കോടതിയാണിത്. അതുകൊണ്ട് തന്നെ എന്ത് സാഹചര്യത്തിലാണ് തീപിടിത്തമുണ്ടായത് എന്നതിനെ കുറിച്ച് അന്വേഷിക്കും. ആദ്യം മുതൽ തന്നെ ഒരു അട്ടിമറി സാധ്യത സംശയിച്ചിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. സാധാരണയായി തീപിടിത്തമുണ്ടാകാനുള്ള സാധ്യത ഏറെ കുറവാണ്. തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്.
കഴിഞ്ഞ 15-ാം തീയതി രാത്രിയാണ് പോക്സോ കോടതിയിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ പ്രോസിക്യൂട്ടറുടെ മുറിയിലും കോടതിയിലുമുള്ള ഫയലുകൾ കത്തിനശിച്ചു. തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഉൾപ്പെടെ തീപടർന്നു. നിരവധി രേഖകൾ കത്തിനശിച്ചതായാണ് വിവരം. കോടതിയിൽ മുറിയിൽ നിന്നും കത്തിയ മെഴുകുതിരി കണ്ടെടുത്തിരുന്നു.















