ന്യൂഡൽഹി: സൈന്യത്തിന്റെ ആയുധശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയമായി റൈഫിളുകൾ നിർമ്മിക്കാൻ ഇന്ത്യ. അമേഠിയിലാണ് ഇന്ത്യ-റഷ്യൻ സംയുക്ത സംരംഭത്തിൽ റൈഫിളുകൾ നിർമ്മിക്കുന്നത്. വരും ആഴ്ചകൾക്കുള്ളിൽ 7,000 കലാഷ്‌നിക്കോവ് AK-203 റൈഫിളുകളുടെ അടുത്ത ബാച്ച് സൈന്യത്തിന് ലഭ്യമാക്കും.
2024 ലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആദ്യപടിയായി തദ്ദേശീയമായി നിർമ്മിച്ച 35,000 റൈഫിളുകൾ സേനയ്‌ക്ക് ലഭിച്ചിരുന്നു. 2026 ൽ ഒരു ലക്ഷം യൂണിറ്റുകൾ കൂടി വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്. വർഷാവസാനത്തോടെ AK-203 റൈഫിൾ നിർമ്മാണം 100% സ്വദേശിവൽക്കരിക്കുകയാണ് ലക്ഷ്യമെന്ന് ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (IRRPL) അറിയിച്ചു.
പതിറ്റാണ്ടുകൾ പഴക്കമുള്ള ഇൻസാസ് റൈഫിൾ സൈന്യം ഘട്ടംഘട്ടമായി നിർത്തലാക്കി റഷ്യൻ നിർമ്മിതമായ അസോൾട്ട് റൈഫിൾ എകെ-203 ഉപയോഗിച്ചുവരികയാണ്. കലാഷ്‌നിക്കോവ് സീരീസിന്റെ നവീകരിച്ച പതിപ്പായ എകെ-203, മികച്ച കൃത്യത മാത്രമല്ല, മെച്ചപ്പെട്ട എർഗണോമിക്‌സും പ്രദാനം ചെയ്യുന്നു. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങൾക്കും ഉയരം കൂടിയ മേഖലകളിൽ യുദ്ധത്തിനും അനുയോജ്യമാണ്.
റഷ്യയിൽ നിന്ന് സാങ്കേതിക കൈമാറ്റം നടത്തി രാജ്യത്ത് നിർമ്മിക്കുന്ന 6 ലക്ഷത്തിലധികം AK-203 റൈഫിളുകൾക്കായി 2021 ജൂലൈയിൽ ഇന്ത്യ റഷ്യയുമായി 5,000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു. റൈഫിളുകളുടെ ലൈസൻസുള്ള ഉത്പാദനം 2023 ജനുവരിയിൽ ഔദ്യോഗികമായി ആരംഭിച്ചു.















