മുംബൈ: അനധികൃതമായി പട്ടികജാതി സംവരണ സർട്ടിഫിക്കറ്റ് കൈവശം വച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഹിന്ദു, സിഖ്, ബുദ്ധമതസ്ഥർ ഒഴികെയുള്ള മതങ്ങളിൽ നിന്നുള്ള ആരെങ്കിലും സർട്ടിഫിക്കറ്റ് കൈവശ വച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടു. സർക്കാർ ജോലി പോലുള്ള ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വ്യാജ എസ് സി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ടെങ്കിൽ ആ സ്ഥാനം അസാധുവായി പ്രഖ്യാപിക്കും. നിർബന്ധിത മതപരിവർത്തന കേസുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2024 നവംബർ 26-ന് സുപ്രീം കോടതിവിധി പ്രകാരം പട്ടികജാതി വിഭാഗസംവരണം ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും സിഖുകാർക്കും മാത്രമേ ലഭിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആനുകൂല്യങ്ങൾ നേടിയ ആളുകളിൽ നിന്നും അവ തിരിച്ചുപിടിക്കാനും സർക്കാർ നിർദേശിച്ചു.
ഒരാളെ ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















