ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസർ പാക് അധിനിവേശ കശ്മീരിലെ ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ ഉള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. പിഒകെയിലെ ബഹവൽപൂരിൽ നിന്നും ആയിരം കിലോമീറ്റർ അകലെ മസൂദ് അസറിനെ കണ്ടെതെന്നാണ് വിവരം. മസൂദ് അസർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാക് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് റിപ്പോർട്ട് വന്നത്.
മസൂദ് അസറിനെ പാകിസ്ഥാനിൽ കണ്ടെത്തിയാൽ ഇന്ത്യയ്‌ക്ക് കൈമാറുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞിരുന്നു. മസൂദ് അസർ അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരിക്കാമെന്നും പാകിസ്ഥാന്റെ മണ്ണിലുണ്ടെന്ന് തെളിവുസഹിതം അറിയിച്ചാൽ അറസ്റ്റ് ചെയ്ത് ഇന്ത്യയ്‌ക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ലെ പഠാൻകോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവ ഉൾപ്പെടെ രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് മസൂദ് അസർ. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മസൂദ് അസറിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ബഹവൽപൂരിലെ ജെയ്ഷെ മുഹമ്മദിന്റെ അസ്ഥാനവും മദ്രസയുമാണ് ആക്രമണത്തിൽ തകർത്തത്.