ന്യൂഡൽഹി: ക്വിക്ക് ആക്ഷൻ ടീമുകളുടെ ഭാഗമായ സിഐഎസ്എഫ് കമാൻഡോകൾക്ക് പ്രത്യേക പരിശീലനം നൽകി സൈന്യം. ജമ്മു കശ്മീരിലെ ഇന്ത്യ പാക് അതിർത്തിയിലുള്ള സുപ്രധാന ഇൻസ്റ്റാളേഷനുകൾക്ക് കാവൽ നിൽക്കുന്ന സൈനികർക്കാണ് പരിശീലനം നൽകുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലുമാണ് പരിശീലനം നൽകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലധികം സിഐഎസ്എഫ് കമാൻഡോകൾ സൈനിക ക്യാമ്പിൽ തീവ്ര പരിശീലനം പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. താഴ്‌വരയിലുടനീളമുള്ള വിവിധ യൂണിറ്റുകളിലായി പരിശീലനം നടക്കുന്നു. നഗര, ഗ്രാമപ്രദേശങ്ങളിലെ സായുധ നുഴഞ്ഞുകയറ്റം, അട്ടിമറി, ഭീകരാക്രമണങ്ങൾ എന്നിവ തടയുന്നതിന് വിദഗ്ധരായ സൈനിക സംഘങ്ങളെ സൃഷ്ടിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.















