ന്യൂഡല്‍ഹി: ഇതിഹാസചലച്ചിത്രകാരന്‍ സത്യജിത്ത് റേയുടെ കുടുംബ വീട് പൊളിക്കരുതെന്ന ഇന്ത്യയുടെ ആവശ്യത്തിനു വഴങ്ങി ബംഗ്ലാദേശ് സര്‍ക്കാര്‍. മൈമന്‍സിംഗിലെ പുരാതനമായ വീട് പൊളിക്കുന്നത് ഖേദകരമാണെന്നും പുനരുദ്ധാരണത്തിന് സഹായം നല്‍കാമെന്നും ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വീട് സംരക്ഷിക്കുമെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ പ്രസ് മിനിസ്റ്റര്‍ ഫൈസല്‍ മഹമൂദ് അറിയിച്ചു.
പഴക്കം മൂലം കെട്ടിടം അപകട ഭീഷണിയിലാണെന്നും അതിനാലാണ് പൊളിച്ചു കളഞ്ഞ് പുതിയതു പണിയാന്‍ ചില്‍ഡ്രണ്‍സ് അക്കാദമി നീക്കം നടത്തിയയെന്നും ഫൈസല്‍ മഹമൂദ് പറഞ്ഞു. വിഷയത്തില്‍ ഇന്ത്യ ഇടപെട്ടതോടെ സര്‍ക്കാര്‍ ഇടപെട്ട് കെട്ടിടം പൊളിക്കുന്നത് തടഞ്ഞിട്ടുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആര്‍ക്കിയോളജി വകുപ്പും ജില്ലാ ഭരണകൂടവും തീരുമാനിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ സഹായം തേടേണ്ടതുണ്ടോ എന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഫൈസല്‍ മഹമൂദ് അറിയിച്ചു.
ഭാരത- ബംഗ്ലാദേശ് സാംസ്‌കാരിക സഹകരണത്തിന്റെ ചിഹ്നമായ വസതി സാഹിത്യമ്യൂസിയമായി പുതുക്കിപ്പണിയണമെന്നാണ് ഭാരതം ആവശ്യപ്പെട്ടത്. ഇതിന് ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോര്‍ റേ ചൗധരിയുടെ ഉടമസ്ഥതയിലുള്ള മൈമെന്‍സിങ്ങിലെ വസതി പൊളിച്ചുമാറ്റുന്നത് ഖേദകരമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൗധരിയുടെ വീട് മുമ്പ് മൈമെന്‍സിങ് ചില്‍ഡ്രന്‍സ് അക്കാദമിയായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അധികാരികളുടെ അവഗണനയെത്തുടര്‍ന്ന് അത് ജീര്‍ണാവസ്ഥയിലായി. ബംഗ്ലാദേശ് പുരാവസ്തു വകുപ്പിന്റെ കണക്കനുസരിച്ച് ഒരു നൂറ്റാണ്ടിലേറെ മുമ്പ് നിര്‍മിച്ചതാണ് ഈ വീട്. 1947-ലെ വിഭജനത്തിനുശേഷം സ്വത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലായി. നിലവിലുള്ളത് പൊളിച്ച് സെമി- കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കുമെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ പറയുന്നത്.
Leave a Comment