കൊൽക്കൊത്ത : ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിടിച്ച് മൂന്ന് ആനകൾ ചരിഞ്ഞു. പശ്ചിമബംഗാളിലെ ഝാർഗ്രാമിനും ബൻസ്തല റെയിൽവേ സ്റ്റേഷനും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ വെള്ളിയാഴ്ച (ജൂലൈ 18) പുലർച്ചെയാണ് ഒരു ആനക്കുട്ടി ഉൾപ്പെടെ മൂന്ന് ആനകലാണ് ട്രെയിനിടിച്ചു ചരിഞ്ഞത്.
വ്യാഴാഴ്ച (ജൂലൈ 17) രാത്രി 10.56 ന് പാളങ്ങൾക്ക് സമീപമുള്ള ആനകളുടെ പതിവ് നീക്കത്തെക്കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും അറിയിപ്പ് ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ പുലർച്ചെ 1.45 ഓടെയാണ് അപകടം നടന്നതെന്നും ഝാർഗ്രാമിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു.
ജനശതാബ്ദി എക്സ്പ്രസ് (12022) ആനകളെ ഇടിച്ചതായും ഈ പ്രദേശത്ത് ഏകദേശം 3 മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതായും സൗത്ത് ഈസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു.
രണ്ട് ട്രാക്കുകളിലും രക്തക്കറകൾ ഉണ്ടായിരുന്നതായും ആനകളുടെ മൃതദേഹങ്ങൾ നൂറുകണക്കിന് മീറ്റർ അകലെക്ക് ചിതറി കിടന്നിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇതിനാൽ അപകടത്തിൽ ഒന്നിലധികം ട്രെയിനുകൾ ഉൾപ്പെട്ടിരിക്കാമെന്ന് സംശയിക്കുന്നു.