ന്യൂഡൽഹി: 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചേക്കുമെന്ന പ്രതീക്ഷകൾ സജീവമായിരിക്കെ ഗെയിംസിനായുള്ള സർക്കാരിന്റെ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏകദേശം 3,000 കായികതാരങ്ങൾക്ക് പ്രതിമാസം 50,000 രൂപ വീതം സ്റ്റൈപ്പന്റ് നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെഡൽ പട്ടികയിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നായിരിക്കും ഇന്ത്യയെന്നും ആഭ്യന്തരമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തിനിടെ കായിക ബജറ്റ് അഞ്ച് മടങ്ങ് വർദ്ധിപ്പിച്ചതായും അദ്ദേഹം ചൂടിക്കാട്ടി
അമേരിക്കയിലെ അലബാമയിലെ ബർമിംഗ്ഹാമിൽ അടുത്തിടെ നടന്ന 21-ാമത് വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് – 2025-ൽ 613 മെഡൽ ജേതാക്കളെ അനുമോദിക്കുന്നതിനായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് അഭിമാനം പകർന്ന ഇന്ത്യൻ പോലീസ്, ഫയർ സർവീസസ് ടീമിനെ ഷാ അഭിനന്ദിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗർ, കെവാഡിയ എന്നിവിടങ്ങളിൽ അടുത്ത വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് നടക്കാനിരിക്കെ, എല്ലാ കായികതാരങ്ങളും മെഡൽ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കായികതാരങ്ങളുടെ മികച്ച പ്രകടനം രാജ്യത്തിന്റെ കായിക ശേഷിയുടെ അംഗീകാരമായി വർത്തിക്കുമെന്ന് അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച ഇന്ത്യൻ ടീമിന് 4.4 കോടി രൂപയുടെ പ്രോത്സാഹന തുക നൽകിയതായി അദ്ദേഹം അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും, ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും ഗെയിംസിൽ മെഡലുകൾ നേടാത്തവർക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് അമിത് ഷാ പറഞ്ഞു.