മുംബൈ: മഹാരാഷ്ട്രയിലെ നഗരമായ ഇസ്ലാംപുരിന്റെ പേര് ഈശ്വർപുർ എന്ന് പുനർനാമകരണം ചെയ്തു. മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമാണ് നിയമസഭയിൽ ചരിത്ര പ്രഖ്യാപനമുണ്ടായത്. ദേശീയ പ്രസ്ഥാനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്.
വിദേശ ആക്രമണകാരികളുടെ പേരിലും മതത്തിന്റെ പേരിലും സ്ഥലനാമങ്ങൾ വേണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ തീരുമാനമെടുത്തിരുന്നു. പകരം ദേശീയ ബിംബങ്ങളുടെയും ചരിത്ര പുരുഷൻമാരുടെയും പേര് നൽകാനാണ് ബിജെപി സർക്കാർ തീരുമാനം. പിന്നാലെയാണ് ഔറംഗാബാദ് സാംബാജി നഗറായത്.
1986 മുതലുള്ള പ്രദേശവാസികളുടെയും ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഇസ്ലാംപൂരിന്റെ പേര് ഈശ്വരപൂർ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സംസ്ഥാന സർക്കാരിന് മെമ്മൊറാണ്ടം സമർപ്പിച്ചിരുന്നു.
വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയെ അറിയിച്ചു. മന്ത്രിസഭാ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.















