സംസ്കൃതം സംസാരിക്കുന്ന കർണ്ണാടകയിലെ മാട്ടൂർ ഗ്രാമത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. എന്നാൽ വീടുകൾക്ക് മുഴുവൻ സംസ്കൃത നാമങ്ങളുള്ള പ്രദേശം അധികം ആർക്കും അധികം പരിചയം കാണില്ല. ജമ്മുവിലെ സുഭാഷ് നഗർ എക്സ്റ്റൻഷൻ -1 കോളനിയാണ് സാംസ്കാരിക പുനരുജ്ജീവനത്തിന്റെ പാതയിൽ അതിവേഗം മുന്നേറുന്നത്.
കോളനിയിലെ ഓരോ വീട്ടിലും ദേവനാഗരി ലിപിയിൽ എഴുതിയ നെയ്ബോർഡ് അഭിമാനത്തോടെ സ്ഥാപിച്ചിട്ടുണ്ട്. ‘ശാന്തി നിവാസ്’ (സമാധാനത്തിന്റെ വാസസ്ഥലം), ‘ആനന്ദ് ഭുവൻ’ (ആനന്ദത്തിന്റെ വീട്), ‘സത്യൻ കുടിൽ’ (സത്യത്തിന്റെ കുടിൽ) എന്നിങ്ങനെ പോകുന്നു പേരുകൾ.
സംസ്‌കൃത ഭാഷയെ നാം പ്രോത്സാഹിപ്പിക്കണം, അത് നമ്മുടെ പാരമ്പര്യവും സ്വത്വവും നിലനിർത്തുന്നു. ഇവ കേവലം പേരുകൾ മാത്രമല്ല, നമ്മൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന മൂല്യങ്ങളും സംസ്കാരവുമാണ്, പ്രദേശവാസികൾ പറഞ്ഞു.
സമാധാനം, സമൃദ്ധി, ഐക്യം, ഭാരതീയ മൂല്യങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന അനുയോജ്യമായ സംസ്‌കൃത നാമങ്ങളാണ് ഓരോ വീടിനും നൽകിയിരിക്കുന്നത്. സംസ്കൃത പണ്ഡിതരും ഭാഷാപ്രേമികളുടെയും സഹായത്തോടെയാണ് ഗൃഹ നാമങ്ങൾ കണ്ടെത്തിയത്. സംസ്കൃതം പലപ്പോഴും അക്കാദമിക മേഖലയിലോ മതഗ്രന്ഥങ്ങളിലോ മാത്രമായി ഒതുങ്ങി നിൽക്കുന്ന സമയത്താണ് സുഭാഷ് നഗർ നിവാസികളുടെ വേറിട്ട നീക്കം.















