ചക്കപ്പഴം കഴിച്ച മൂന്ന് കെഎസ്ആർടിസി ജീവനക്കാർ ബ്രെത്തലൈസര്‍ പരിശോധനയിൽ കുടുങ്ങി. വെള്ളിയാഴ്ച പന്തളം ഡിപ്പോയിലാണ് സംഭവം. കൊട്ടാരക്കര സ്വദേശിയായ ജീവനക്കാരനാണ് രാവിലെ ഡ്യൂട്ടിക്ക് തേന്‍വരിക്ക ചക്കയുമായി എത്തിയത്.
രാവിലെ പതിവ് പിശോധനയ്‌ക്കിടെയാണ് സംഭവം. മൂന്ന് പേരെ പരിശോധിച്ചപ്പോൾ ആൽക്കഹോളിന്റെ അംശമുള്ളതായി കാണിച്ചു. തങ്ങൾ മദ്യപിച്ചിട്ടില്ലെന്ന് ജീവനക്കാർ നിലപാടെടുത്തു. എന്നാൽ തങ്ങൾ ചക്ക കഴിച്ചിട്ടുണ്ടെന്ന് ഇവർ വെളിപ്പെടുത്തി. തുടർന്ന് മുൻപ് പരിശോധനയിൽ നെഗറ്റീവായിരുന്ന ജീവനക്കാരനും പരീക്ഷണാർത്ഥം ചക്ക കഴിക്കാൻ നൽകി.
അതോടെ അയാളും പരിശോധനയിൽ പോസിറ്റീവായി. ഒടുവിലാണ് ചക്കപ്പഴമാണ് വില്ലൻ എന്ന് കണ്ടെത്തിയത്. നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയും. എന്നാൽ ആ അവസ്ഥയിൽ പഴങ്ങൾ കഴിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.















