കോട്ടയം: ജാതി, മത, രാഷ്ട്രീയ, ഭേദമെന്യേ എല്ലാ മലയാളികളും നിർബന്ധമായും കൗമാരകാലത്ത് തന്നെ വായിച്ചിരിക്കേണ്ട പുസ്തകമാണ് അദ്ധ്യാത്മരാമായണം എന്ന് പ്രശസ്ത സാഹിത്യകാരൻ വി കെ രവിവർമ്മ തമ്പുരാൻ അഭിപ്രായപ്പെട്ടു. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് വായിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ചിലർ നടത്തിയ അഭിപ്രായങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം അഭിപ്രായപ്രകടനങ്ങൾ തികച്ചും പ്രതിലോമകരമായ ഒരു പ്രവണതയാണ് എന്നും രവിവർമ്മ തമ്പുരാൻ ആരോപിച്ചു.
മലയാളഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ ക്ലാസിക്ക് കൃതിയാണ് അദ്ധ്യാത്മരാമായണം എന്നും രാമായണം മാത്രമല്ല വേദങ്ങളും പുരാണങ്ങളും മറ്റു ഭാരതീയ ഇതിഹാസങ്ങളും ബൈബിളും ഖുർആനും മൂലധനവും ഒക്കെ വായിച്ച് മനുഷ്യർ അറിവ് നേടട്ടെ എന്നും രവിവർമ്മ തമ്പുരാൻ പറഞ്ഞു . അറിവിന് നേരെ എന്തിനാണ് ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
രവിവർമ്മ തമ്പുരാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
അധ്യാത്മ രാമായണം കിളിപ്പാട്ട് വായിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ചിലരൊക്കെ അഭിപ്രായമെഴുതിക്കാണുന്നു. തികച്ചും പ്രതിലോമകരമായ ഒരു പ്രവണതയാണിത് എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല. ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ എല്ലാ മലയാളികളും നിർബന്ധമായും കൗമാരകാലത്തുതന്നെ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. എന്തുകൊണ്ടെന്നാൽ
1.മലയാള ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ ക്ലാസിക് സാഹിത്യ കൃതിയാണിത്. ഇത് എഴുതിയതുകൊണ്ടാണ് എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവ് എന്ന വിശേഷണത്തിന് അർഹനായത്. ഏതൊരു മലയാളിയുടെയും ഭാഷാ സ്വാധീനം ദൃഢപ്പെടുന്നതിന് എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് വായിച്ചിരിക്കണം എന്ന് 40 വർഷം മുമ്പ് കത്തിലൂടെ എന്നോട് പറഞ്ഞത് കവി കുഞ്ഞുണ്ണിയാണ്. അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കുട്ടേട്ടൻ ആയിരുന്നു കുഞ്ഞുണ്ണി. കഥ പ്രസിദ്ധീകരിക്കാത്തതിന് കാരണം പറഞ്ഞ് കത്ത് എഴുതുമ്പോൾ അദ്ദേഹം എഴുതും. അധ്യാത്മ രാമായണം കിളിപ്പാട്ട് വായിക്കണം. ഭാഷ നന്നാവും. കുഞ്ഞുണ്ണി പറഞ്ഞെങ്കിലും യുക്തിവാദിയായിരുന്ന അക്കാലത്തൊക്കെ ഭക്തി പുസ്തകം വായിക്കാതെ വാശി പിടിച്ചു നടന്നു. പിന്നീട് 30 -35 വയസ്സൊക്കെ കഴിഞ്ഞപ്പോഴാണ് അധ്യാത്മ രാമായണം വായിക്കാൻ തോന്നിയത്. അപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി,എന്തുകൊണ്ടിത് സ്കൂൾ കാലത്തേ വായിച്ചില്ല എന്ന്. അത്രയ്ക്കാണ് അതിലെ ഭാഷാ സൗന്ദര്യം.
2 .ഭാഷാഭംഗിയുടെ കാര്യം കഴിഞ്ഞാൽ വരുന്നു, സാഹിത്യ ഭംഗി. ഇത്രയും ശുദ്ധവും ഭാവനാപൂർണവും ആസ്വാദ്യകരവുമായ ഒരു മലയാള കാവ്യാഖ്യായിക വേറെ എഴുതപ്പെട്ടിട്ടുണ്ടോ എന്ന് അതിശയിച്ചു പോകും വിധം നവവും ഭാവനാസമ്പന്നവും ആഖ്യാനമഹത്തും ആയ കൃതിയാണത്.
3. ജാതികളും ഉപജാതികളുമായി ഒരു വലിയ സമൂഹത്തെ ഭിന്നിപ്പിച്ചു നിർത്താനും മതങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. മുമ്പൊരിക്കൽ ഇതേ പോലെ ഒരു സാഹചര്യമുണ്ടായത് 1400 കളുടെ അവസാനവും 1500 കളുടെ ആദ്യവുമാണ്. . കേരളത്തിൽ സ്വാധീനം വളർത്താനും അധികാരം പിടിക്കാനും വേണ്ടി പോർച്ചുഗീസുകാർ ചെയ്ത ക്രൂരതയാണത്. അന്ന് കേരളം അതിനെ പ്രതിരോധിച്ചത് അധ്യാത്മ രാമായണം കിളിപ്പാട്ട് എന്ന ഭക്തി പുസ്തകത്തിലൂടെയാണ്. എല്ലാ മനുഷ്യരും ഭഗവാനു മുന്നിൽ തുല്യരാണ് എന്നതാണ് ഈ കൃതിയുടെ one line. ആ ആശയം വിശദമാക്കാനാണ് രാമന്റെ കഥ എഴുത്തച്ഛൻ പറയുന്നത്.
ആദിവാസി സമൂഹത്തിൽ പിറന്ന ശബരി കടിച്ച പഴങ്ങൾ രാമൻ അതീവ ഇഷ്ടത്തോടെ വാങ്ങിക്കഴിക്കുന്നതും ആദിവാസി രാജാവായ ഗുഹന്റെ സങ്കേതത്തിൽ രാമൻ അന്തിയുറങ്ങുന്നതും കുരങ്ങൻമാരുമായും രാക്ഷസവംശത്തിൽ പെട്ട വിഭീഷണനുമായും ചാർച്ചയുണ്ടാക്കുന്നതും ഒക്കെ വായിച്ചു വരുമ്പോൾ ഈ തുല്യതാബോധം മനസ്സിലുറയ്ക്കും.
കഥകളിലൂടെ പറഞ്ഞിട്ട് മനസ്സിലാകാത്തവർക്കു വേണ്ടി എഴുത്തച്ഛൻ പച്ചയ്ക്ക് പറയുന്നു:
“ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹ
മെന്നാമ്രേഡിതം കലർന്നീടും ദശാന്തരേ
ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തുവെണ്ണീറായ് ചമഞ്ഞു പോയീടിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം”
താൻ ജാതിയിൽ താഴ്ന്ന സ്ത്രീയാണ് എന്ന് പറയുന്ന ശബരിയോട് രാമൻ പറയുന്നതിങ്ങനെ: പുരുഷൻ, സ്ത്രീ എന്ന വ്യത്യാസമോ ജാതിയോ അല്ല മറിച്ച് ഭക്തി മാത്രമാണ് മോക്ഷത്തിന് കാരണം.
രാവണന്റെ അനുജനായ വിഭീഷണൻ രാമന്റെ അടുക്കൽ അഭയം തേടി വന്നപ്പോൾ രാക്ഷസനെ വിശ്വസിക്കരുതെന്ന് സുഗ്രീവൻ പറയുന്നുണ്ട്. അപ്പോൾ ഹനുമാന്റെ മറുപടി:
“ജാതിനാമാദികൾക്കല്ല ഗുണഗണ ഭേദമെന്നത്രേ പറയുന്നു ബുധജനം”.
ഇങ്ങനെ, ജാതിവിവേചനത്തിനും മനുഷ്യർ തമ്മിലുള്ള ഉയർച്ച, താഴ്ച്ചകൾക്കും എതിരെ ഉടനീളം സംസാരിക്കുന്നതുകൊണ്ടാണ് എഴുത്തച്ഛനെ കേരള നവോത്ഥാനത്തിന്റെ പിതാവെന്നും അധ്യാത്മരാമായണത്തെ നവോത്ഥാനത്തിന് സഹായിക്കുന്ന പ്രമാണഗ്രന്ഥമെന്നും ഞാൻ എന്റെ നോവലിൽ വിശേഷിപ്പിച്ചത്.
4 . ഇന്ന് പരിസ്ഥിതി ബോധം ഏറെ വികസിച്ചിട്ടുണ്ട്. ജൈവ വൈവിധ്യം സംബന്ധിച്ച ആദ്യ സമ്മേളനം ലോകത്ത് നടക്കുന്നത്. 1974 ലാണ്. എന്നാൽ, അതിനൊക്കെ എത്രയോ മുമ്പ്, അതായത് 1500 കളിൽ എഴുതപ്പെട്ട അധ്യാത്മ രാമായണം കിളിപ്പാട്ട് മുന്നോട്ട് വയ്ക്കുന്ന ജൈവ വൈവിധ്യ സംരക്ഷണാഹ്വാനം എത്ര മഹത്തരമാണ് എന്ന് ആ കൃതി വായിച്ചാൽ മാത്രമേ മനസ്സിലാവൂ. മനുഷ്യനും മൃഗങ്ങളും പക്ഷികളും സസ്യങ്ങളും തമ്മിലുണ്ടായിരിക്കേണ്ട പാരസ്പര്യത്തിന്റെ ഉത്തമ വ്യാഖ്യാനമാണ് അധ്യാത്മ രാമായണം കിളിപ്പാട്ട്.
പറയാൻ ഇനിയുമേറെ മഹത്ത്വങ്ങൾ ആ കൃതിക്കുണ്ട്. കർക്കടകത്തിൽ മാത്രമല്ല, വർഷം മുഴുവൻ അധ്യാത്മ രാമായണം വായിക്കണം. രാമായണം മാത്രമല്ല, വേദങ്ങളും പുരാണങ്ങളും മറ്റ് ഭാരതീയ ഇതിഹാസങ്ങളും ബൈബിളും ഖുർആനും മൂലധനവും ഒക്കെ വായിച്ച് നമ്മുടെ മനുഷ്യർ അറിവു നേടട്ടെ. എന്തിനാണ് അറിവിനു നേരെ ഇത്രയധികം അസഹിഷ്ണുത കാട്ടുന്നത്?
കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടും വാങ്ങാതെയും വായിക്കാതെയുമിരുന്ന അധ്യാത്മ രാമായണം കിളിപ്പാട്ട് പിന്നീട് എന്റെ ഭാഷയെയും ഭാവനയെയും ആഖ്യാനതന്ത്രത്തെയുമൊക്കെ ഗുണപരമായി മാറ്റിമറിച്ചു എന്നു പറഞ്ഞല്ലോ. ആ പഴയ പുസ്തകമാണ് ഒപ്പമുള്ളത്.















