ന്യൂഡൽഹി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യമെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ.
സ്കൂൾ സമയം പോലും മദ്രസ സമയത്തിന് അനുസരിച്ച് ക്രമീകരക്കണമെന്ന് മത സംഘടനകൾ നിർദ്ദേശിക്കുന്ന തലത്തിലേക്കും അത് സർക്കാർ അംഗീകരിക്കുന്ന തലത്തിലേക്കും എത്തിയിരിക്കുകയാണ്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കേരളത്തിലെ എല്ലാം കാര്യങ്ങളും പ്രത്യേക മതസംഘടനകളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് നടപ്പാക്കുന്നത്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആ യാഥാർത്ഥ്യം വെള്ളാപ്പള്ളി പറഞ്ഞെന്ന് മാത്രം.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ കാന്തപുരവും മുസ്ലീം ലീഗും എതിർക്കുന്നതിന് അവരുടെതായ കാരണങ്ങളുണ്ടാകും. കാര്യങ്ങളൊക്കെ നടക്കണം പക്ഷേ ജനങ്ങൾ അറിയരുതെന്ന് അവർക്ക് താൽപ്പര്യമുണ്ടാകും. എന്നാൽ സർക്കാരിൻെറ തെറ്റായ നയങ്ങൾ വെള്ളാപ്പള്ളി തുറന്നു കാട്ടുന്നതിൽ പ്രതിപക്ഷ നേതാവിന് എന്തിനാണ് പൊള്ളുന്നത് എന്ന് മനസ്സിലാകുന്നില്ല. മുസ്ലീം ലീഗ് വരയ്‌ക്കുന്ന വരയിൽ നിന്നും ഒരിഞ്ച് പോലും പോകാൻ കഴിവില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇത്തരം പ്രസ്താവനയുമായി രംഗത്ത് വരുന്നതെന്നും മുരളീധരൻ പറഞ്ഞു.















